ആരു വാങ്ങു,
മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ
രോമാഞ്ചം?....'
അപ്രമേയവിലസലോലയാം
സുപ്രഭാതത്തിന്‍
സുസ്മിതം
പൂര്‍വദിങ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി
പൂശുമ്പോള്‍;
നിദ്രയെന്നോടു
യാത്രയും ചൊല്ലി
നിര്‍ദയം
വിട്ടുപോകയാല്‍,
മന്ദചേഷ്ടനായ്
നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെന്‍ കാതി,ലപ്പൊഴു,തൊരു
മുഗ്ധ
സംഗീതകന്ദളം...
'ആരു വാങ്ങു,മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ
രോമാഞ്ചം?....'
പച്ചപ്പുല്‌ക്കൊടിത്തുഞ്ചില്‍ത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകള്‍,
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെന്‍-
മാനസം കവര്‍ന്നീലൊട്ടും.
അല്ലെങ്കില്‍
ചിത്തമെ, ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ,
വെല്ക, വെല്ക, നീ,
മാനസോല്ലാസദായികേ!
ഇത്രനാളും നുകര്‍ന്നതില്ല
ഞാ-
നിത്തരമൊരു
പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം...
'ആരു വാങ്ങു,
മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ
രോമാഞ്ചം?....'
- ബാഷ്പാഞ്ജലി
0 comments:
Post a Comment