Showing posts with label വൈലോപ്പിള്ളി ശ്രീധരമേനോൻ. Show all posts
Showing posts with label വൈലോപ്പിള്ളി ശ്രീധരമേനോൻ. Show all posts

Tuesday, 19 July 2016

ഹരിജനങ്ങളുടെ പാട്ട്‌- വൈലോപ്പിള്ളി ശ്രീധരമേനോൻ



പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,
പഴയപോലിതാ ബാപ്പുവിൻ ജന്മനാൾ
അറിവതെന്തുതാൻ-അന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർ
ചിതറി വന്നൊരിജ്ജന്മതാരത്തിനെ
വെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-
യൊരു പിറന്നാൾവിളക്കിൻ ചെറുതിരി
മഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-
ട്ടഖിലനാൾകളും തന്തിരുനാളുകൾ!


നഗരിചെന്നെതിരേല്ക്കുന്നു,കുഗ്രാമ-
മകമലിഞ്ഞലിച്ചോർക്കുന്നിതിദ്ദിനം

പതുപതുത്തുള്ള കൈയുകൾ വെള്ളനൂൽ
ക്കതിരുനൂല്പ്പൂ-ചിലന്തികൾ കൂടിയും!
അറ കുമിയ്ക്കുവോരന്നം കൊടുക്കുന്നു
ചെറിയ കുമ്പിളിൽ; പാല പൂ തൂകുന്നു!
വെളികലീല്ക്കൂട്ട,മാഘോഷയാത്രകൾ
പലവഴി,പെരുംചങ്ങല പോലവേ
പെരിയവർക്കറിവേറുമേ, ബാപ്പുവിൻ
പിറവിനാളിൻ പൊലിമ കൊണ്ടാടുവാൻ
അറിവതെന്തുതാ,നന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
വിടുപണികളാൽ ഞങ്ങളോർമ്മിയ്ക്കട്ടെ
വിനകൾ മാർജ്ജനം ചെയ്തൊരാത്തോട്ടിയെ


ഉടൽ തര്യ്ക്കുന്നിതോർക്കുമ്പോ,ഴാരിലു-
മുപരി ഞങ്ങളെ സ്നേഹിച്ചു ബാപ്പുജി
അരിയ നാടിതു നാട്ടുകാർക്കേകുവാ-
നരചനോടു വീറോടു പോരാടിയോൻ
പെരുവഴികളിൽ പിച്ചയിരന്നീലേ
ചെറുതു ഞങ്ങൾതൻ ജീവൻ കുളിർക്കുവാൻ?
പൊരുളറിഞ്ഞവർ ബുദ്ധനായ് കൃസ്തുവായ്
തിരുനബിയായ് പുകഴ്ത്തുമാപ്പുണ്യവാൻ
ഉയിരുണരാൻ പടിപ്പിച്ചു ഞങ്ങളെ-
യുടയതമ്പുരാൻ തൻ തിരുനാമങ്ങൾ
ഹരിജനങ്ങളായ്,ഞങ്ങളെക്കണ്ട ത-
ന്നരിമയെ,ങീയിളിമയെങ്ങോർക്കിൽ?


പകലൊടുങ്ങുന്നു, പാഴ്നാളിൽ നീളുന്നൂ
പഴയദില്ലി തൻ പാർശ്വഭാഗങ്ങളിൽ
കരൾ നിനയ്ക്കയാണിന്നേര,മാഢ്യർതൻ
കനിവിരുന്നുകളുൺനുവാൻ നില്ക്കാതെ

ഇവിടെ ഞങ്ങളീഭംഗികൾമേവിടു-
മിടമണഞ്ഞിടും നാട്ടിന്നിടയനെ
കുറിയമുണ്ടുടു,ത്താവലംകൈയിലെ
പ്പെരുവടിയൂന്നി,പ്പുഞ്ചിരിതൂകിയും,
പകൽ പണികഴിഞ്ഞെത്തിടും ഞങ്ങൾ തൻ
പഴവനെപ്പോലണയും ദയാർദ്രനെ
(മിഴിയടഞ്ഞവർതൻ പടമെങ്ങിനെ
മിഴിവു തേറ്റുന്നതോർമ്മ തൻ തൂമയാൽ)
ചിരികളികൾ,കരിങ്കിളിപോലെഴും
ചെറിയ കുഞ്ഞുങ്ങൾക്ക,മ്മമാർക്കൊക്കെയും
നിറുകയിങ്കലനുഗ്രഹക്കൈനഖ-
നിറനിലാവു, ഞങ്ങൾക്കുപദേശവും,
കരുതിവന്നോരതിഥിയെല്ലാർക്കുമേ
കനിവമൃതിനാൽ സല്ക്കാരമേകുവോൻ!
കഴലിണകൾ പതിഞ്ഞൊരാ മുറ്റത്തി-
ലഴകിൽ മെത്തീ വിശുദ്ധിപ്പിറാവുകൾ
വരമൊഴികൾ പൊഴിഞ്ഞൊരാക്കൂരയിൽ
നിറയെമിന്നീയറിവിൻ വിളക്കുകൾ
പരമവിടുത്തെയോമല്ക്കിടാത്തിയാ-
മരിയ ചർക്ക,യെളിയോർക്കുടുക്കുവാൻ
അവിരതം സ്വച്ഛനൂലുളവാക്കവേ
അവിടെ വാർന്നിതൈശ്വര്യസംഗീതികൾ
അയലിലോരികൾ കൂക്കിവിളി,യ്ക്കെ,യ-
ങയവിറക്കീ സമാധാനമാനുകൾ


പുതിയ കാലം പുലർന്നിതെല്ലാർക്കുമായ്
പുലരി വന്നു തുറന്നു പൊന്നമ്പലം
ഉണരു-കെങ്കിലും ദർശനത്തിന്നുമു-
ന്നണി നയിയ്ക്കുവോ,നെങ്ങാപ്പെരിയവൻ?
ഇരുപതും നൂറുമാണ്ടുകൾ താനിരു-
ന്നരുളുകിൽ ഞങ്ങളെത്ര വളർന്നേനെ!
പലരുമുണ്ടിതാ ഞങ്ങളെസ്സേവിപ്പാൻ?
ഒടുവടഞ്ഞൊരാ കൺകളും കൂപ്പുകൈ-
പ്പടവുമെങ്ങൾക്കു നന്മ നേർന്നീലയോ?
പ്രിയപിതാവേ,യീ ഞങ്ങളും നേരുന്നു

ഉയിരിനങ്ങേയ്ക്കു ശാന്തിയുണ്ടാവട്ടെ!

പന്തങ്ങള്‍- വൈലോപ്പിള്ളി ശ്രീധരമേനോൻ


ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,

പേറുക വന്നീ പന്തങ്ങള്‍ !

മാമ്പഴം -വൈലോപ്പിള്ളി ശ്രീധരമേനോൻ


അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ

അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

കല്യാണസൗഗന്ധികം- വൈലോപ്പിള്ളി ശ്രീധരമേനോൻ


ദേവേന്ദ്രനായതും ദേവകളായതും
ദേവാരിവൈരിയാം ദേവേശനായതും
മുക്കണ്ണനായതും നാന്മുഖനായതും
അര്‍ക്കചന്ദ്രാദി ഗ്രഹങ്ങളായുള്ളതും
ഒക്കവേ ഭൂസുരശ്രേഷ്ഠനെന്നുള്ളതെന്‍
മക്കളേ നിങ്ങള്‍ ധരിക്കണാമാദരാല്‍

നീയെരിച്ചതില്‍പ്പിന്നെയാണല്ലോ
തീയെരിച്ചതസ്സാധുവിന്‍ മാടം
ചാരമിത്തിരി തത്ര; നിന്നുള്ളില്‍
ഭീരുവിന്‍ സമാധാനവുമല്പം

കാലിലാലോലം ചിലമ്പുമായ് ചെന്നു ദേ-
വാലയമുറ്റത്തൊരറ്റത്തു നമ്പിയാര്‍
കൂത്തു നടക്കുമരങ്ങിനടുത്തു പിന്‍

പാട്ടിനാളില്ലാതെ മേളവുമെന്നിയേ

ഊഞ്ഞാല്‍- വൈലോപ്പിള്ളി ശ്രീധരമേനോൻ


എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം


പ്രിഥ്വിയിലന്നു മനുഷ്യര്‍ നടന്ന
പദങ്ങളി പ്പൊഴധോമുഖ വാമനര്‍,
ഇത്തിരി വട്ടം മാത്രം കാണ്മവര്‍,
ഇത്തിരി വട്ടം ചിന്തിക്കുന്നവര്‍.


എത്ര വിചിത്ര മുദാരം, മാനവ-
രൊത്തു തിമർക്കുമൊരുൽസാഹം


ഹാ കഷ്ടം! നരജീവിതം ദുരിത, മീ ശോകം മറക്കാന് സുഖോ-
ദ്രേകം ചീട്ടുകളിക്കയാം ചിലര്, ചിലര്ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനു നേര്ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,

ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള് ചില, രീ ലോകം വിഭിന്നോത്സവം !

വൈലോപ്പിള്ളി ശ്രീധരമേനോൻ

ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബർ 22) [1]. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.

ജീവിത രേഖ  
·         1911 ജനനം
·         1931 ബി.എ.
·         1947 ആദ്യ കവിതാ സമാഹാരം 'കന്നിക്കൊയ്ത്ത്'
·         1951 എം.പി. പോൾ പുരസ്കാരം - 'ശ്രീരേഖ'
·         1952 'കുടിയൊഴിക്കൽ', 'ഓണപ്പാട്ടുകാർ'
·         1954 'കുന്നിമണികൾ'
·         1958 'കടൽക്കാക്കകൾ'
·         1965 കേരള സാഹിത്യ അക്കാദമി അവാർഡ് - 'കയ്പവല്ലരി'
·         1969 സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് - 'കുടിയൊഴിക്കൽ'
·         1970 'വിട'
·         1971 ഓടക്കുഴൽ അവാർഡ് - 'വിട'
·         1972 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 'വിട'
·         1980 'മകരകൊയ്ത്ത്'
·         1981 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; വയലാർ അവാർഡ് - 'മകരക്കൊയ്ത്ത്'
·         1985 മരണം


     രചനശൈലി 
"ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. കേരളത്തിൽ ജന്മിത്തത്തിന്റെ അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ ഒരു മൂല്യങ്ങളുടെ പരിണാമഘട്ടം, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ.

ജീവിത യാഥാർഥ്യബോധം

തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല. യാഥാർഥ്യബോധത്തിൽ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളിൽ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌ കടൽ കാക്കകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പി. എ. വാര്യർ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല

ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്‌.

“              "കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ

ഹാ, വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"
(കന്നിക്കൊയ്ത്ത്‌)
അതുപോലെ തന്നെ മനുഷ്യരും സകല ദുരിതങ്ങളേയും അതിജീവിച്ച്‌ പരാജയപ്പെട്ടും വിജയിച്ചുമൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നാണ്‌ കവി പ്രത്യാശിക്കുന്നത്‌. ദുഃഖത്തിന്റെ എല്ലാ പായൽ കറുപ്പിന്റെ മുകളിലും മനോവെളിച്ചത്തിന്റെ നെല്ലിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നതായി വൈലോപ്പിള്ളി കരുതുന്നു. സമത്വസുന്ദരമായ ലോകത്തിന്റെ കേരളീയ മിത്തായ ഓണവും വൈലോപ്പിള്ളിയെ ഏറെ ആകർഷിച്ചിട്ടുണ്ട്‌. കവിയെന്ന നിലയിൽ അക്കാലം പുനഃസൃഷ്ടിക്കുകയാണ്‌ തന്റെ ദൌത്യമെന്നും വൈലോപ്പിള്ളി വിശ്വസിച്ചിരുന്നു.

“              "അത്രയുമല്ല പുരാതന കാഞ്ചന
കാലം പുൽകിയ കണ്ണാൽ ഭാവിയു-
രുത്തിരിയുന്ന വിദൂരതയിങ്കലു-
മൊരു തിരുവോണം കാണ്മൂ ഞങ്ങൾ"
(ഓണപ്പാട്ടുകാർ)
എന്നാണ്‌ കവി പാടിയിരിക്കുന്നതും.

വൈലോപ്പിള്ളികവിതകളിൽ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സാമൂഹ്യശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ടുള്ള ചരിത്രപരത ഇഴചേർക്കപ്പെട്ടിട്ടുള്ളതായി കാണാൻ സാധിക്കും.
ജീവിതത്തിൽ ഒരിക്കൽ ചെയ്ത തെറ്റ്‌ ജീവിതന്ത്യം വരേയും വേട്ടയാടിയേക്കാമെന്നും, അരേയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിന്റെ അടിസ്ഥാനത്തെ കുറിച്ചും കവി ഏറെ ഹൃദയംഗമമായി പാടിയിട്ടുണ്ട്‌. കവിയുടെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ "മാമ്പഴം" അത്തരത്തിലൊരു കഥയാണല്ലോ പറയുന്നത്‌. മാമ്പൂക്കുല ഒടിച്ചതിന്‌ തല്ലുകൊള്ളുമെന്നു പറഞ്ഞ മാതാവിനോട്‌ "മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ല" എന്നു പറഞ്ഞ്‌ "വാനവർക്കാരോമലായ്‌" പോയ മകനെ ഓർത്ത്‌

“              "അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ" 
വായനക്കാരുടെയും കണ്ണീരാകുന്നത്‌ കവിയുടെ ആശയങ്ങളുടെ പ്രസക്തിയും വിജയവും കാണിക്കുന്നു. അതുപോലെ തന്നെ പയർ വറക്കുമ്പോൾ കുറഞ്ഞു പോകുമെന്ന പരമാർഥമറിയാതെ കുഞ്ഞിനെ കൊന്ന ചങ്ങാലി പ്രാവിന്റെ കഥയും മറ്റൊന്നല്ല തെളിയിക്കുന്നത്‌.

“              "ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ,
ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ."
(ചങ്ങാലി പ്രാവ്‌)
ശാസ്ത്രത്തേയും പുരോഗതിയേയും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കവി കണ്ടിരുന്നത്‌, പക്ഷെ ശാസ്ത്രത്തിന്റെ വഴിപിഴച്ചപോക്കിനെ കുറിച്ച്‌ അദ്ദേഹം ആകുലപ്പെട്ടിരുന്നു.
മഴപെയ്ത്‌ ഈറനായ ഒരു പ്രഭാതത്തിൽ തീപ്പട്ടി കത്തിച്ച്‌ ഒരു കാപ്പിപോലും കുടിക്കുവാൻ കഴിയാതെയിരുന്ന ഒരു പ്രഭാതത്തിൽ കവി, ഭാരതം ഒരു അണുശക്തിരാഷ്ട്രം ആയതിനേക്കുറിച്ച്‌

“              "പാഴ്‌പിട്ടിനാലെ മരുന്നു പുരട്ടിയ
തീപ്പെട്ടി കത്തായ്കിലെന്തു ദോഷം
ആറാമതാമണുശക്തിയായ്‌ത്തീർന്നെന്റെ
വീറാർന്ന നാടുജ്ജ്വലിക്കയല്ലീ"
(തീപ്പെട്ടി) 
എന്നാണ്‌ വേണ്ടത്ര പുഛത്തോടെ ഓർത്തത്‌.
നിർഭയത ആയിരുന്നു കവിയുടെ മുഖമുദ്ര. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച അപൂർവ്വം മലയാളികളിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. അടിയന്തരാവസ്ഥയുടെ അച്ചടക്കത്തെ പ്രകീർത്തിച്ചിട്ട്‌ "എല്ലാമിപ്പോൾ ഭദ്രമായി, ബ്രിട്ടീഷുകാർ വാണകാലം പോലെ" എന്നാണ്‌ കവി പരിഹസിച്ചത്‌.
സഹജീവിസ്നേഹവും വൈലോപ്പിള്ളിയിൽ വേണ്ടുവോളമുണ്ടായിരുന്നു. കവി പ്രകൃതിയെ വർണ്ണിക്കുന്നതിങ്ങനെയാണ്‌.

“              "ചെറുമീനിണക്കായി സാഗരം തീർപ്പൂമാതാ-
വിരുപൂവിനുവേണ്ടി വസന്തം ചമയ്ക്കുന്നു,
പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നു, മാനിൻ
വഴിയേ തിരുമണ കസ്തൂരിമണം ചേർപ്പൂ"
(ഉജ്ജ്വല മുഹൂർത്തം) 
സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുൻപ്‌ അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.

“              "ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ"   
എന്നാണ്‌ കവിയും സങ്കടം സഹിക്കാതെ പാടിയത്‌.

കൃതികള്‍ 
  • ·         മാമ്പഴം (1936)
  • ·         കന്നിക്കൊയ്ത്ത് (1927)
  • ·         സഹ്യന്റെ മകൻ (1944))
  • ·         ശ്രീരേഖ (1950)
  • ·         കുടിയൊഴിയൽ (1952)
  • ·         ഓണപ്പാട്ടുകാർ (1952)
  • ·         വിത്തും കൈക്കോട്ടും (1956)
  • ·         കടൽക്കാക്കകൾ (1958)
  • ·         കയ്പ്പവല്ലരി (1963)
  • ·         വിട (1970)
  • ·         മകരക്കൊയ്ത്ത് (1980)
  • ·         പച്ചക്കുതിര (1981)
  • ·         കുന്നിമണികൾ(1954)
  • ·         കുരുവികൾ(1961)
  • ·         മിന്നാമിന്നി (1981)
  • ·         വൈലോപ്പിള്ളിക്കവിതകൾ(1984)
  • ·         മുകുളമാല(1984)
  • ·         കൃഷ്ണമൃഗങ്ങൾ(1985)
  • ·         അന്തിചായുന്നു(1985) [അവലംബം ആവശ്യമാണ്]
  • ·         ആസാംപണിക്കാർ



Older Posts Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger