Tuesday 19 July 2016

ഒരു ദേവദാസിക്കെഴുതിയ വരികള്‍- മാധവിക്കുട്ടി(കമല സുരയ്യ ),



അവസാനം 
ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ

തിരസ്‌കരിക്കാനാവില്ല.

0 comments:

Post a Comment

Newer Post Older Post Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger