Showing posts with label രമണന്‍. Show all posts
Showing posts with label രമണന്‍. Show all posts

Tuesday, 19 July 2016

രമണന്‍ - ചങ്ങമ്പുഴ


കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതം‌പെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള്‍ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍- പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ-
പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,
ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ!
എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി-
സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍
കല്ലിലും മുള്ളിലും വിന്ന്യസിക്കാ-
നില്ല, ഞാന്‍ സമ്മതമേകുകില്ല!
ഈ മണിമേടയില്‍ വിശ്വഭാഗ്യ-
സീമ വന്നോളംതുളുമ്പിനില്‍ക്കേ,
ആഡംബരങ്ങള്‍ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കേ,
നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനില്‍ക്കേ,
ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക-
ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകള്‍ ചൂഴുമക്കാനനത്തില്‍?

ഈ മണിമേടയിലെന്‍‌വിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍-
സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍
രമ്യവിശാലമാം മാറിടത്തില്‍,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!

പാടില്ല, പാടില്ല, നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ്

ആലോലവല്ലികളെത്രയിന്നാ
നീലമലകളില്‍ പൂത്തുകാണും!

ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ-
രൊറ്റപ്പൂപോലുമില്ലാ വനത്തില്‍.

അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന-
തെന്തെല്ലാം പക്ഷികളായിരിക്കും!

ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-
രൊറ്റക്കിളിയുമില്ലാ വനത്തില്‍.

എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ-
നൊന്നാ മുരളിയെസ്സമ്മതിക്കൂ!

നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-
തിന്നീ മുരളിയിലൊന്നുമില്ല.

എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍
നിന്നോടുകൂടി വരുന്നു ഞാനും!

എന്നുമതെന്നിലിരിപ്പതല്ലേ?
എന്നു വേണെങ്കിലും കേള്‍ക്കരുതേ!

എന്നാലതിന്നീ വിളംബമെന്തി;-
നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!

നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,-
മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-
മെന്തിനെന്നോടിത്തടസ്സമെല്ലാം?

കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;
തെറ്റിധരിക്കരുതെങ്കിലും നീ.
നിന്നിലുപരിയായില്ലയൊന്നും
മന്നിലെനിക്കെന്റെ ജീവിതത്തില്‍!

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണി ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ-
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

ഇന്നു മുഴുവന്‍ ഞാനേകനായ-
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലില്‍
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;
നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍-
പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!

ജീവേശ, നിന്‍‌വഴിത്താരകളില്‍-
പ്പൂവിരിക്കട്ടെ തരുനിരകള്‍
ഉച്ചത്തണലിലെ നിന്നുറക്കം
സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ.
ഇന്നു നിന്‍ ചിന്തകളാകമാനം
സംഗീതസാന്ദ്രങ്ങളായിടട്ടെ!
ഭാവനാലോലനായേകനായ് നീ

പോവുക, പോവുക, ജീവനാഥ!
Older Posts Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger