Showing posts with label ചങ്ങമ്പുഴ കൃഷ്ണപിള്ള. Show all posts
Showing posts with label ചങ്ങമ്പുഴ കൃഷ്ണപിള്ള. Show all posts

Tuesday, 19 July 2016

രമണന്‍ - ചങ്ങമ്പുഴ


കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതം‌പെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള്‍ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍- പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ-
പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,
ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ!
എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി-
സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍
കല്ലിലും മുള്ളിലും വിന്ന്യസിക്കാ-
നില്ല, ഞാന്‍ സമ്മതമേകുകില്ല!
ഈ മണിമേടയില്‍ വിശ്വഭാഗ്യ-
സീമ വന്നോളംതുളുമ്പിനില്‍ക്കേ,
ആഡംബരങ്ങള്‍ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കേ,
നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനില്‍ക്കേ,
ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക-
ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകള്‍ ചൂഴുമക്കാനനത്തില്‍?

ഈ മണിമേടയിലെന്‍‌വിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍-
സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍
രമ്യവിശാലമാം മാറിടത്തില്‍,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!

പാടില്ല, പാടില്ല, നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ്

ആലോലവല്ലികളെത്രയിന്നാ
നീലമലകളില്‍ പൂത്തുകാണും!

ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ-
രൊറ്റപ്പൂപോലുമില്ലാ വനത്തില്‍.

അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന-
തെന്തെല്ലാം പക്ഷികളായിരിക്കും!

ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-
രൊറ്റക്കിളിയുമില്ലാ വനത്തില്‍.

എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ-
നൊന്നാ മുരളിയെസ്സമ്മതിക്കൂ!

നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-
തിന്നീ മുരളിയിലൊന്നുമില്ല.

എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍
നിന്നോടുകൂടി വരുന്നു ഞാനും!

എന്നുമതെന്നിലിരിപ്പതല്ലേ?
എന്നു വേണെങ്കിലും കേള്‍ക്കരുതേ!

എന്നാലതിന്നീ വിളംബമെന്തി;-
നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!

നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,-
മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-
മെന്തിനെന്നോടിത്തടസ്സമെല്ലാം?

കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;
തെറ്റിധരിക്കരുതെങ്കിലും നീ.
നിന്നിലുപരിയായില്ലയൊന്നും
മന്നിലെനിക്കെന്റെ ജീവിതത്തില്‍!

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണി ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ-
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

ഇന്നു മുഴുവന്‍ ഞാനേകനായ-
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലില്‍
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;
നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍-
പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!

ജീവേശ, നിന്‍‌വഴിത്താരകളില്‍-
പ്പൂവിരിക്കട്ടെ തരുനിരകള്‍
ഉച്ചത്തണലിലെ നിന്നുറക്കം
സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ.
ഇന്നു നിന്‍ ചിന്തകളാകമാനം
സംഗീതസാന്ദ്രങ്ങളായിടട്ടെ!
ഭാവനാലോലനായേകനായ് നീ

പോവുക, പോവുക, ജീവനാഥ!

നീറുന്ന തീച്ചൂള/നാളത്തെ ലോകം - ചങ്ങമ്പുഴ


കുങ്കുമപ്പൊട്ടുതൊടുന്നൊരാക്കൈകളിൽ
ച്ചെങ്കൊടി ഏന്തുന്ന മങ്കമാരേ,
വീതശങ്കം നിങ്ങൾ പോകുവിൻ മുന്നോട്ടു
വീരമാതാക്കളീ നാളെ നിങ്ങൾ
പിച്ചിപ്പൂമാലകൾ കെട്ടുമക്കൈകളിൽ-
ക്കൊച്ചരിവാളേന്തും കന്യകളേ;
നാണിച്ചുനിൽക്കാതെ പോകുവിന്മുന്നോട്ടു
നാളത്തെ നന്മതൻ നാമ്പുകളേ!
വേദാന്തം വൈദികരോതുന്നതുകേട്ടു
വേവലാതിപ്പെടും വേലക്കാരേ,
പള്ളിയിൽ ദൈവ,മില്ലമ്പലത്തിലും
കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി.
വിശ്വസിക്കായ്വിനച്ചെന്നായ്ക്കളെ, നിങ്ങൾ
വിഭ്രമം വിട്ടിനി കൺ തുറക്കിൻ!
കണ്ടുവോ ചാകുന്നതായിരം ദൈവങ്ങൾ
തെണ്ടിയടിഞ്ഞു നടവഴിയിൽ?
മർത്ത്യനേ മർത്ത്യനു നന്മചെയ്യൂ, മന്നിൽ
മറ്റുള്ളതെല്ലാ മിരുട്ടുമാത്രം.
മർത്ത്യനെത്തീർത്തതു ദൈവമോ, ദൈവത്തെ
മർത്ത്യനോ തീർത്തതെന്നോർത്തുനോക്കൂ!
മത്തടിക്കുന്ന നരച്ച മതങ്ങൾതൻ
മസ്തകം നിങ്ങളടിച്ചുടയ്ക്കൂ!
തുപ്പുമവയുടനായിരംകൊല്ലമായ്-
ച്ചപ്പിക്കുടിച്ച മനുഷ്യരക്തം-
വീണവായിക്കുമവയെത്തടിപ്പിച്ച
പ്രാണൻ പിടയ്ക്കുന്ന മർത്ത്യരക്തം-
ഉണ്ണാതുറങ്ങാതുമിനീരിറങ്ങാതെ
കണ്ണടഞ്ഞോർതൻ പവിത്രരക്തം.!-

കൈക്കൂലികാണാതനുഗഹമേകുവാൻ
കൈപൊക്കാത്തീശ്വരനീശ്വരനോ?
രണ്ടു തുട്ടേകിയാൽ ച്ചുണ്ടിൽച്ചിരിവരും
തെണ്ടിയല്ലേ മതം തീർത്തദൈവം?
കൂദാശ കിട്ടുകിൽ ക്കൂസാതെ പാപിയിൽ
ക്കൂറുകാട്ടും ദൈവമെന്തു ദൈവം?
പാൽപായസം കണ്ടാൽ സ്വർഗ്ഗത്തിലേക്കുടൻ
പാസ്പോട്ടെഴുതുവോനെന്തു ദൈവം?
കഷ്ടം, മതങ്ങളേ, നിങ്ങൽതൻ ദൈവങ്ങൾ
നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ!
ലോകത്തി,ലൊന്നോടവയ്ക്കിനിയെങ്കിലും
ചാകാനനുമതിയേകരുതോ!
ദൈവമലട്ടി മനുഷ്യനെ യിത്രനാൾ
ദൈവത്തെ മർത്ത്യനിനിയലട്ടും!

വൈവശ്യമെന്തിനു, നന്മവിളയട്ടെ
ദൈവക്കളകളരിഞ്ഞൊടുക്കൂ
എന്നിട്ടെറിഞ്ഞുകൊടുക്കുവിൻ കാലത്തിൻ
മുന്നി,ലുൽക്കർഷം ചുരന്നീടട്ടേ!
വേദങ്ങളേകീ പൊതിക്കാത്ത തേങ്ങകൾ
വേലകൾ വാലാട്ടിയിത്രനാളും.
കൊങ്ങയ്ക്കു കേറിപ്പിടിക്കയാണിന്നവ
പൊങ്ങച്ചം കൊണ്ടിനിയെന്തുകാര്യം?

പപ്പടം പായസം പാലടയൊന്നിച്ചു
പത്തുകൊല്ലം മുൻപു സദ്യയുണ്ടു.
കഞ്ഞിവെള്ളം പോലുമില്ലിന്നു-സദ്യകൾ
വർണ്ണിക്കണം പോലും പട്ടിണികൾ!

കേവലം മത്തേറിക്കേരളസംസ്കാര-
ക്കേവഞ്ചിയൂന്നി മയങ്ങുവോരേ,
കാറുവെയ്ക്കുന്നതു കണ്ടുവോ, കാറ്റിന്റെ
കാഹളം കേട്ടുവോ?-കൺതുറക്കിൻ!
നിങ്ങളും, നിങ്ങൾതൻ പൊട്ടപ്പാത്തോണിയും
മുങ്ങുമിക്കോളിൽ-മതിമയക്കം!
എത്രയ്ക്കയവിറക്കീടും മൃഗങ്ങളും
പുത്തൻ പുൽക്കൂമ്പുകൾ തേടിപ്പോകും.
കാണുന്നില്ലേ പുതുതൊന്നുമേ ഹാനിങ്ങൾ
കാലികളേക്കാളും കഷ്ടമായോ?
പട്ടരും നായരും നമ്പൂരിയും സ്വാർഥം
കെട്ടിപ്പടുത്തുള്ളോരമ്പലങ്ങൾ,
പെറ്റ സംസ്കാരത്തിൻ ജീർണ്ണിച്ചതാം ശവ-
പ്പെട്ടി ചുമന്നു നടക്കുവോരേ,
ഊട്ടുപുരയിൽച്ചെന്നെച്ചിലിലയ്ക്കു കൈ-
നീട്ടുവാൻ നിങ്ങൾക്കു ലജ്ജയില്ലേ?
പോരി,നരുവാളെടുക്കിൻ, വിശപ്പിന്റെ
പോരിനൊരുമിച്ചണി നിരക്കിൻ!
ചീർത്തമദങ്ങളരിഞ്ഞു വീഴ്ത്തീടുവി-
നാർത്തികൾക്കാശ്വാസമാനയിക്കിൻ!
നാളത്തെ ലോകം, നവലോകം സംയുക്ത

വേലതൻ കൈയിലെക്കൽപവൃക്ഷം!

ബാഷ്പാഞ്ജലി- ചങ്ങമ്പുഴ


ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'
അപ്രമേയവിലസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂര്‍വദിങ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍;
നിദ്രയെന്നോടു യാത്രയും ചൊല്ലി
നിര്‍ദയം വിട്ടുപോകയാല്‍,
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെന്‍ കാതി,ലപ്പൊഴു,തൊരു
മുഗ്ധ സംഗീതകന്ദളം...

'ആരു വാങ്ങു,മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'

പച്ചപ്പുല്‌ക്കൊടിത്തുഞ്ചില്‍ത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകള്‍,
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെന്‍-
മാനസം കവര്‍ന്നീലൊട്ടും.
അല്ലെങ്കില്‍ ചിത്തമെ, ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെല്ക, വെല്ക, നീ,
മാനസോല്ലാസദായികേ!
ഇത്രനാളും നുകര്‍ന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം...

'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'

- ബാഷ്പാഞ്ജലി

സ്പന്ദിക്കുന്ന അസ്ഥിമാടം- ചങ്ങമ്പുഴ കൃഷ്ണപിള്ള


വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ


ആദർശശുദ്ധിതൻ നിശ്ശബ്ദഗദ്ഗദം-
ഹാ! തപ്തചിന്തതൻ രാഗസംഗീതകം-
എന്നും തുളുമ്പിക്കിടക്കുമിതിന്നുള്ളിൽ
മന്നിൽ മലിനത തേഞ്ഞു മായുംവരെ!
മാനസം കല്ലുകൊണ്ടല്ലാത്തതയുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകിൽ
ഇക്കല്ലറതൻ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ!
അസ്സൌഹൃദാശ്രുക്കൾ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകൻ..

കല്പാന്ത കാലം വന്നു, ഭൂലോകമാകെ ഒരു കര്‍ക്കശ സമുദ്രമായ് മാറിയാലും
അന്നതിന്‍ മീതെ അല തല്ലി ഇരച്ചു വന്നു പൊങ്ങിടും, ഓരോ കൊച്ചു കുമിള പോലും
ഇന്ന് മത്മാനസത്തില്‍ തുള്ളി തുളുമ്പി നില്ല്കും , നിന്നോടുള്ള അനുരാഗമായിരിക്കും
രണ്ടല്ല നീയും ഞാനും ഒന്നായ് കഴിഞ്ഞല്ലോ , വിണ്ഡലം നമുക്കിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും, ആരെല്ലാം പരിഭവം കരുതിയാലും
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ

നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതൻ നിഴൽ തീണ്ടിടാതുള്ള
നിർമ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെൻ-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാർ നിൻ ചുറ്റുമായുടൻ
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസർപോലു-
മോമനേ, നിന്നെക്കാണുമ്പോൾ
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിർമ്മലേ?
നിൽക്ക, നിൽക്കൂ, ഞാൻ കാണട്ടേ നിന്നെ,
നിഷ്കളങ്കസൗന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

ഏഴാം സ്വര്ഗ്ഗം വിടര്ന്നു
തവ കടമിഴിയില്‍ കൂടിയെന്നല്ല, ഞാനാം
പാഴാം പുല്ത്തണ്ടില്‍ നിന്നും പല പല മധുരസ്വപ്ന ഗാനം വിടര്ന്നു...!
കേഴാം നാളെ, വീഴാമടിയിലഖിലം തേളും ചൂഴും തമസ്സില്‍ താഴാം
താഴട്ടെ, കേഴട്ടരികില്‍ വരികയേ ഹൃദ്യമേ മദ്യമേ, നീ

പൂനിലാവലതല്ലുന്ന രാവില്‍
പൂവണിക്കുളിര്‍ മാമാരക്കാവില്‍
കൊക്കുരുമി കിളി മാമാരക്കൊമ്പില്
മുട്ടി മുട്ടിയിരിക്കുമ്പോഴേവം,
രാക്കിളികളെന്നസ്ഥിമാടം നോക്കി
വീര്പ്പിട്ടു വീര്പ്പിട്ടു പാടും
താരകളെ, കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! ഇന്നിതിന്‍ ചിത്തരഹസ്യ
മെന്തറിഞ്ഞു ഹാ, ദൂരസ്ഥര്‍ നിങ്ങള്‍
പാല പൂത്ത പരിമളമെത്തി
പാതിരയെ പുണര്ന്നോഴുകുമ്പോള്‍
മഞ്ഞണിഞ്ഞു മദാലസയായ്
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോള്‍
മന്ദം മന്ദം പൊടിപ്പതായ്‌ കേള്ക്കാം
സ്പന്ദനങ്ങളീ കല്ലറയ്ക്കുള്ളില്‍!
പാട്ട് നിര്ത്തി് ചിറകുമൊതുക്കി
അതൊക്കെയും കേട്ടിരിക്കും ഞങ്ങള്‍!
അത്തുടിപ്പുകളൊന്നിച്ചു ചേര്ന്നിട്ടി
ത്തരമൊരു പല്ലവിയാകും
മണ്ണടിഞ്ഞു ഞാനെന്നാകിലുമിന്നു
മെന്നണുക്കളിലെവമോരോന്നും
ത്വല്‍ പ്രണയസ്മൃതികളുമായ്
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി...!

--സ്പന്ദിക്കുന്ന അസ്ഥിമാടം
Older Posts Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger